പാരിസ്: ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ഇതിഹാസ താരം സിനദിൻ സിദാനെ നിയമിച്ചു. 2030 വരെയാണ് നിയമനമെന്നും യൂറോ 2028, 2030 ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ സിദാന്റെ തന്ത്രങ്ങൾക്ക് കീഴിലാവും ടീം ഇറങ്ങുകയെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.
ലോകകപ്പ് പരാജയത്തിനു പിന്നാലെ ദീദിയർ ദെഷാംപ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദാൻ ഫ്രാൻസിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് 2026 ലോകകപ്പിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായിരുന്നില്ല. സെമിഫൈനലിൽ സ്പെയിനോട് തോറ്റ ഫ്രാൻസ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടിരുന്നു.
ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതിലെ സന്തോഷവും ആവേശവും സിദാൻ പങ്കുവെച്ചു. റയൽ മാഡ്രിഡ് വിട്ടതിന് ശേഷം മറ്റു പല വമ്പൻ ക്ലബുകളുടെയും ക്ഷണം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഫ്രാൻസ് ദേശീയ ടീമിനേക്കാൾ വലിയ നേട്ടമൊന്നുമില്ലെന്ന് താൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും പരിശീലകനാകാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോയ്ക്കും എക്സിക്യൂട്ടീവ് കമ്മിറ്റിക്കും നൽകിയ വിശ്വാസത്തിന് നന്ദി അറിയിച്ച സിദാൻ, ദീദിയർ ദെഷാംപ്സിന്റെ 14 വർഷത്തെ സേവനത്തെയും അഭിനന്ദിച്ചു. കളിക്കാരനെന്ന നിലയിൽ 1998ൽ ഫ്രാൻസിന് ലോകകപ്പ് നേടിത്തരുന്നതിൽ പ്രധാന പങ്കുവഹിച്ച സിദാൻ 2006ൽ ടീമിനെ ഫൈനലിലെത്തിച്ചു.